Wednesday 6 December 2017

പുസ്തക വിശേഷം

ഒന്നാം ക്ലാസില്‍ ഒന്നാന്തരം വായന എന്ന പത്ര വാര്‍ത്ത കണ്ട് ഒരാള്‍ പുസ്തകം തരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്നാണ് പ്രേമചന്ദ്രന്‍ സാര്‍ പറഞ്ഞത്. ആളിന്റെ വീട് ശ്രീകാര്യത്ത് ആണെന്നും അവിടെ പോയി പുസ്തകങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആ പത്ര വാര്‍ത്ത ഞാനും കണ്ടിരുന്നു. അതില്‍ മേവര്‍ക്കല്‍ സ്കൂളിലെ കുട്ടികള്‍ വായനയില്‍ കാണിക്കുന്ന മികവിനെ പറ്റിയും ലൈബ്രറി കെട്ടിടം പണിയുന്നതിനെ പറ്റിയും ഒക്കെ എഴുതിയിരുന്നു.

അങ്ങിനെ ആണ് ഞാനും ഹെഡ് മിസ്ട്രെസ്സ് ഷീജ ടീച്ചറും പ്രേമചന്ദ്രന്‍ സാറും എസ് എം സി കണ്‍വീനര്‍ ശ്രീ സുരേഷ് ബാബുവും കൂടി പുസ്തകം സ്വീകരിക്കാന്‍ പോയത്. പഴയ കുറച്ചു അരികും മൂലയും പോയ കുട്ടികളുടെ പുസ്തകങ്ങള്‍, ആരെങ്കിലും നിര്‍ബന്ധപൂര്‍വം വാങ്ങിപ്പിച്ച അജ്ഞാതമായ ചില പുസ്തകങ്ങള്‍, പിന്നെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി വങ്ങേണ്ടി വന്ന കുറച്ചു പുസ്തകങ്ങള്‍ -- ഇതൊക്കെ ആയിരിക്കും. സാധാരണ അങ്ങിനെ ആണ് കണ്ടു വരുന്നത്. എന്ത് തരം പുസ്തകങ്ങള്‍ ആയാലും അത് തരുന്നത് തന്നെ വലിയ മനസാണ്.

യാത്രക്കിടയില്‍ ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു. ശ്രീകാര്യം ചെമ്പഴന്തി റോഡില്‍ ആണ് വീട്. കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസീലാണ്ടും തമ്മിലുള്ള റ്റി-20 മത്സരം നടന്ന ദിവസം ആയിരുന്നു അത്. റോഡില്‍ ചിലയിടങ്ങളില്‍ ബ്ലോക്കായിരുന്നു. ഇന്ത്യന്‍ പതാകയും പറത്തി മുഖത്ത് ത്രിവര്‍ണവും തേച്ച് ക്രിക്കറ്റ് പ്രേമികള്‍ അഭയാര്‍ഥികളെ പോലെ റോഡ്‌ വക്കത്തു കൂടി മാനത്ത് നോക്കി നടക്കുന്നു.

ഒരു വിധത്തില്‍ ചെമ്പഴന്തി റോഡില്‍ കയറി വഴി പറഞ്ഞുതന്ന സ്ഥലത്തെത്തി. അവിടെ വഴി വക്കില്‍ അദ്ദേഹം കാത്തു നില്‍ക്കുന്നു.




പരിചയപെടുത്തലുകള്‍ക്കു ശേഷം അദ്ദേഹം പെട്ടന്ന് തന്നെ വീട്ടിലെക്കാനയിച്ചു. എം. കെ. മോഹനന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. സംസ്ഥാന ട്രെഷറി വകുപ്പില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ആയി വിരമിച്ചു.


സ്വീകരണ മുറിയില്‍ എത്തിയപ്പോള്‍ തന്നെ അദ്ദേഹം തന്റെ പുസ്തക ശേഖരം കാണിച്ചു. ആറടി പൊക്കമുള്ള ഒരു അലമാര നിറയെ പുസ്തകങ്ങള്‍. അടുത്ത് ചെന്ന് പരിശോധിച്ചപ്പോള്‍ ഏതാണ്ട് എല്ലാം തന്നെ മികച്ച പുസ്തകങ്ങള്‍ ആണ്. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പ്രമുഖ എഴുത്തുകാരുടെ ഏറ്റവും മികച്ച രചനകള്‍ ഉണ്ട്. ഇതില്‍ ഏതൊക്കെ പുസ്തകം ആയിരിക്കും സ്കൂളിലേക്ക് തരുന്നത് എന്ന്‍ ആലോചിച്ചു നില്‍ക്കുമ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്:

"ഈ പുസ്തകങ്ങള്‍ എല്ലാം നിങ്ങളുടെ സ്കൂളിനുള്ളതാണ്".

ഞങ്ങള്‍ നാല് പേരും വിശ്വാസം വരാതെ അദ്ദേഹത്തെ വീണ്ടു നോക്കി. അദ്ദേഹം തുടര്‍ന്നു.

"വായിക്കാത്ത ആളുകളുടെ കയ്യില്‍ ഈ പുസ്തകങ്ങള്‍ വെറും മൃത വസ്തുക്കള്‍ ആണ്. പുസ്തകങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നത് അത് വായിക്കുന്നവരുടെ കയ്യില്‍ കിട്ടുമ്പോഴാണ്. ഈ പുസ്തകങ്ങള്‍ എക്കാലവും ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം."

അദ്ഭുതപെട്ടു നിന്ന അടുത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ടതിനെ പറ്റിയും കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കേണ്ടുന്നതിനെ പറ്റിയും അദ്ദേഹം വളരെ ആവേശപൂര്‍വ്വം സംസാരിച്ചു. ദേശാഭിമാനിയിലും മറ്റു ആനുകാലികങ്ങളിലും മുന്‍പ് എഴുതുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അലമാര ഉള്‍പ്പെടെ പുസ്തകങ്ങള്‍ എടുത്തു കൊള്ളുവാന്‍ ആണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ പോയ മാരുതി 800-ല്‍ അലമാരയ്ക്ക് കൂടി സ്ഥലം ഇല്ലാത്തതിനാല്‍ പുസ്തകങ്ങള്‍ മാത്രം കാറില്‍ എടുത്തു വച്ചു. മൊത്തം 279 പുസ്തകങ്ങള്‍ ഉണ്ട്:


  • കുഞ്ഞുണ്ണി മാഷിന്‍റെ കവിതാ സമാഹാരങ്ങള്‍
  • മാലിയുടെ കഥാ പുസ്തകങ്ങള്‍ 
  • എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട്
  • സര്‍വ വിജ്ഞാന കോശം
  • ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ ഏതാണ്ട് എല്ലാ പുസ്തകങ്ങളും -- കോളറക്കാലത്തെ പ്രണയത്തിന്റെയും ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെയും മലയാള പരിഭാഷ ഉള്‍പ്പെടെ
  • ജോസ് സരമാഗോയുടെ ബ്ലൈന്‍ഡ്‌നെസ്സ്
  • എം ടിയുടെയും മാധവിക്കുട്ടിയുടെയും സേതുവിന്റെയും എം മുകുന്ദന്റെയും സക്കറിയയുടെയും പ്രധാനപ്പെട്ട കൃതികള്‍
  • എം സുകുമാരന്റെ ഇപ്പോള്‍ അച്ചടിയില്‍ ഇല്ലാത്തതുള്‍പ്പെടെ ഉള്ള കൃതികള്‍
  • പക്ഷികളെ പറ്റിയും മൃഗങ്ങളെ പറ്റിയും ലോക രാജ്യങ്ങളെ പറ്റിയും ഉള്ള സചിത്ര പുസ്തകങ്ങള്‍.
മൊത്തം എഴുതിയാല്‍ ഈ 279 പുസ്തകങ്ങളുടെ പേരും എഴുതേണ്ടി വരും. എല്ലാം ഒന്നിനൊന്ന്‍ മെച്ചം ആയ പുസ്തകങ്ങള്‍ ആണ്.

അനന്യമായ നന്മയുടെ പ്രാഥമിക വിദ്യാലയത്തില്‍ പഠിച്ചിറങ്ങിയ പ്രതീതി ആയിരുന്നു തിരികെ വരുമ്പോള്‍. ശ്രീകാര്യത്തെ ബ്ലോക്കും ക്രിക്കറ്റ് കളി കാണാന്‍ വന്നവരുടെ ആരവങ്ങളും ഒന്നും ഞങ്ങളെ ബാധിച്ചില്ല.

മനുഷ്യര്‍ക്ക്‌ മനുഷ്യരുടേതായ ഔന്നത്യം നേടാന്‍ ഈ കാലഘട്ടത്തിലും കഴിയും എന്ന തിരിച്ചറിവോടെ, മേവര്‍ക്കല്‍ സ്കൂളിന്റെ ലൈബ്രറിയെ ഇനി ഈ പുസ്തക രത്നങ്ങളും അലങ്കരിക്കും എന്ന സന്തോഷത്തോടെ, ശ്രീ എം. കെ. മോഹനന്‍റെ സുമനസിനെ, അദ്ദേഹത്തിന്‍റെ കലര്‍പ്പില്ലാത്ത ജ്ഞാനത്തെ, നമസ്കരിച്ചു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

                                                                                                                       നിജി എന്‍ ജി.
                                                                               (പൂര്‍വ വിദ്യാര്‍ഥി, എസ് എം സി അംഗം)

Sunday 5 June 2016

പരിസ്ഥിതി ദിനം 2016 @ മേവര്‍ക്കല്‍ എല്‍പിഎസ്

മറ്റൊരു പരിസ്ഥിതി ദിനം കൂടി മേവര്‍ക്കല്‍ എല്‍പിഎസില്‍ നാം ആചരിക്കുകയാണ്.  ഓരോ     വര്‍ഷത്തെയും പരിസ്ഥിതി   ദിന    സന്ദേശം  വ്യത്യസ്തങ്ങളാണ്. ഈ  വര്‍ഷത്തെ    സന്ദേശം   എനിക്ക് ഇഷ്ടപ്പെട്ടു: "ജീവിതം   വന്യമാക്കൂ.".                        
 വിഷയം     വന്യജീവി   കള്ളക്കടത്ത് തടയുക  എന്നതാണ്. വന്യ ജീവികളെ ഞാന്‍ നഗരങ്ങളിലെ മൃഗശാലകളില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. കൊടുംകാടുകളില്‍ എവിടെയോ സിംഹവും കടുവയും പുലിയും കാട്ടുപോത്തും  ആനയും എല്ലാം ആരും കാണാതെ സുഖമായി ജീവിക്കുന്നുണ്ടായിരിക്കും. അവിടെ പോയി മൃഗങ്ങളെ വേട്ടയാടി പിടിക്കുന്നത്‌ കുറ്റകരമാണ്.

മനുഷ്യര്‍ മാത്രമല്ല എല്ലാ മൃഗങ്ങളും ഈ ഭൂമിയുടെ അവകാശികള്‍ ആണെന്ന് വൈക്കം മുഹമ്മദ്‌ ബഷീര്‍ എഴുതിയിട്ടുണ്ട്. മനുഷ്യര്യം മരങ്ങളും നാട്ടു മൃഗങ്ങളും കാട്ടുമൃഗങ്ങളും ഒക്കെ ചേര്‍ന്നാലേ പരിസ്ഥിതി ഇത് പോലെ നില നില്‍ക്കുകയുള്ളൂ.


                                                                

Tuesday 9 September 2014

Onam 2014 @ Mevarkal LPS

ഓണ അവധിക്ക് മുന്‍പുള്ള അവസാന അധ്യയന ദിനമായ സെപ്റ്റംബര്‍ 5-ന് സ്കൂളില്‍ ഓണാഘോഷം നടത്തി. അത്ത പൂക്കളങ്ങളും ഓണ സദ്യയും വടം വലി മത്സരവുമൊക്കെ ഉണ്ടായിരുന്ന ആഘോഷ പരിപാടികളില്‍ കുട്ടികള്‍ ആവേശ പൂര്‍വ്വം പങ്കെടുത്തു. നാട്ടില്‍ ഓണം കുറച്ചു മുന്‍പേ എത്തിയ പ്രതീതിയായിരുന്നു കുട്ടികള്‍ക്ക്. ആഘോഷങ്ങളുടെ ഒരു ചെറിയ വിവരണവും ചിത്രങ്ങളും ചുവടെ ചേര്‍ക്കുന്നു. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

അത്ത പൂക്കളം

ഒന്നാം ക്ലാസ്സു മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള ഓരോ ക്ലാസ്സിലെയും കുട്ടികള്‍ തങ്ങളുടെ ക്ലാസ്സില്‍ അത്തം ഇട്ടു. കുട്ടികള്‍ തന്നെ പൂക്കള്‍ സമാഹരിച്ചു കൊണ്ട് വന്നു, അവരുടെ തന്നെ ഡിസൈനില്‍ അവര്‍ തന്നെ ആയിരുന്നു അത്തം നിര്‍മ്മിച്ചത്‌. അധ്യാപകര്‍ അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശം നല്‍കി.

അത്ത ചിത്രങ്ങള്‍














വടം വലി

കുട്ടികളുടെ വടം വലിയില്‍ ആവേശ കരമായ മത്സരം നടന്നു. സ്കൂളിലെ മിക്കവാറും എല്ലാ കുട്ടികളും വടം വലിയില്‍ പങ്കെടുത്തു. വടം വലി മത്സരത്തിന്റെ കുറച്ചു ചിത്രങ്ങള്‍.





തിരുവാതിരയും കസേര കളിയും

ഓണാഘോഷത്തിന്റെ മറ്റൊരു ആകര്‍ഷണം അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ അവതരിപ്പിച്ച തിരുവാതിര ആയിരുന്നു,  തിരുവാതിരയുടെ പരമ്പരാഗത വേഷ ഭൂഷ കളൊന്നും ഇല്ലായിരുന്നുവെങ്കിലും കുട്ടികള്‍ നല്ല രീതിയില്‍ തിരുവാതിര കളിച്ചു.

തുടര്‍ന്ന് കസേര കളി (Musical Chair) നടത്തി. കസേര കളി കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ആടിയും പാടിയും ചാടിയും ഓണത്തെ വരവേറ്റു.






ഓണ സദ്യ

വിഭവ സമൃദ്ധമായ ഓണ സദ്യയോടു കൂടിയാണ് ഓണ സദ്യയ്ക്ക് തിരശീല വീണത്‌. പാല്‍പായസ സദ്യ എല്ലാ കുട്ടികളും ആസ്വദിച്ചു കഴിച്ചു.






Sunday 17 August 2014

Independence Day Celebrations @ Mevarkal LPS

മേവര്‍ക്കല്‍ സ്കൂളില്‍ ഇന്ത്യയുടെ അറുപത്തി എട്ടാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. താഴെ പറയുന്നവയായിരുന്നു കാര്യപരിപാടികള്‍:

1. പതാക ഉയര്‍ത്തല്‍
2. ഡസ്ക് സമര്‍പ്പണം
3. സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം
4. കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗം
5. ക്വിസ് മത്സരം
6. മലയാളം പ്രസംഗ മത്സരം
7. പായസ വിതരണം

പതാക ഉയര്‍ത്തല്‍

രാവിലെ 8.30-ന് തന്നെ കുട്ടികള്‍ എത്തിതുടങ്ങി. തലേ ദിവസം തന്നെ സ്കൂള്‍ മുറ്റം വര്‍ണ്ണകടലാസ് കൊണ്ട്അലങ്കരിച്ചിരുന്നു.  രാവിലെ ഒന്‍പതു മണിക്ക് കുട്ടികളുടെ  "പൊങ്ങുക പൊങ്ങുക  പൊന്‍കൊടിയെ" എന്ന ഗാനത്തിന്റെ അകമ്പടിയോടു കൂടി എസ് എം സി ചെയര്‍മാന്‍ ശ്രീ രവി ലാല്‍ ദേശീയ പതാക ഉയര്‍ത്തി.





ഡസ്ക് സമര്‍പ്പണം

കരവാരം പഞ്ചായത്ത് വകയായി സ്കൂളിനു 10 ഡസ്കുകള്‍ ലഭിച്ചിരുന്നു. ഇത് പക്ഷെ രണ്ടു ക്ലാസ്സുകള്‍ക്കു മാത്രമേ ഉപയോഗിക്കുവാന്‍ തികഞ്ഞിരുന്നുള്ളൂ - അഞ്ചാം ക്ലാസിനും നാലാം ക്ലാസിനും.

രണ്ടാം ക്ലാസിനും മൂന്നാം ക്ലാസിനും കൂടി ഡസ്കുകള്‍ ആവശ്യമാണ്‌. ഈ ആവശ്യം പറഞ്ഞു ചില സുമനസുകളെ സമീപിച്ചപ്പോള്‍ അവര്‍ സന്തോഷ പൂര്‍വ്വം ഇതിനു സംഭാവന നല്‍കുകയായിരുന്നു,

ദുബായില്‍ ബിസിനസ്‌ ചെയ്യുന്ന ആറ്റിങ്ങല്‍ സ്വദേശിയായ ശ്രീ മനീഷ് മധുസൂദനന്‍ അഞ്ച് ഡസ്കുകള്‍ സംഭാവന നല്‍കി. നെതെര്‍ലാണ്ട്സില്‍ എഞ്ചിനീയര്‍ ആയ പാലംകോണം സ്വദേശി ശ്രീ ബിജു പവിത്രന്‍, ഖത്തറില്‍ ബിസിനസ്‌ എക്സിക്യൂട്ടീവ് ആയ വെള്ളം കൊള്ളി സ്വദേശി ശ്രീ മനു ഭാസി, കിളിമാനൂര്‍ സഞ്ജു ട്രാവെല്‍സ് ഉടമ ശ്രീ സഞ്ജു അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്ന് അഞ്ച് ഡസ്കുകളും സംഭാവന നല്‍കി.



കരവാരം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ശ്രീ രാജീവ്‌ ഡസ്കുകള്‍ സ്കൂള്‍ ഹെഡ്മാസ്റര്‍ക്ക് നല്‍കിക്കൊണ്ട് ഇതിന്റെ സമര്‍പ്പണം നിര്‍വഹിച്ചു.

സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം
 
മേവര്‍ക്കല്‍ സ്കൂളില്‍ കുട്ടികള്‍ എല്ലവരും കൂടി ചേര്‍ന്ന് ഒരു സ്വാതന്ത്ര്യ ദിനപതിപ്പ് കയ്യെഴുത്ത് മാസികയുടെ രൂപത്തില്‍ തയ്യാറാക്കിയിരുന്നു. 'സ്വാതന്ത്ര്യ പുലരി' എന്ന് പേരിട്ടിരിക്കുന്ന ഈ പതിപ്പില്‍ കുട്ടികളുടെ ചെറു കുറിപ്പുകള്‍ക്കും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിരവധി അവിസ്മരണീയമായ എടുകള്‍ക്കും പുറമേ, കുട്ടികള്‍ വരച്ച ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത നിരവധി ചരിത്ര സംഭവങ്ങളുടെ ചിത്രങ്ങളും ഉള്കൊള്ളിച്ചിരുന്നു.




കരവാരം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ശ്രീ രാജീവ്‌  പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി ആള്‍ക്കാരുടെ നിസ്വാര്‍ത്ഥമായ സമരത്തിന്റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗം

തുടര്‍ന്നായിരുന്നു അന്നത്തെ ഏറ്റവും ആകര്‍ഷകമായ ഐറ്റം: കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗം. മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്ന് 12 പേര്‍ നല്ല സ്ഫുടമായി ഇംഗ്ലീഷില്‍ പ്രസംഗിച്ചു.





ക്വിസ് മത്സരം

പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായ ക്വിസ് മത്സരമായിരുന്നു നടത്തിയത്. എല്ലാ കുട്ടികളെയും ചേര്‍ത്ത് 10 ചോദ്യമുള്ള ഒരു സ്ക്രീനിംഗ് റൌണ്ട് നടത്തിയിട്ട് അതില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ 10 പേരെ തിരഞ്ഞെടുത്തിട്ട്, അവരെ മൂന്ന് ടീം ആയി തിരിച്ചായിരുന്നു  ക്വിസ് മത്സരം നടത്തിയത്.

ആവേശകരമായ മത്സരം ആയിരുന്നു. മൂന്ന് ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിന്റെ  അവസാനം അഞ്ചാം ക്ലാസിലെ ദിയ നയിച്ച ടീം ഒരു പോയിന്റ്‌ വ്യത്യാസത്തില്‍ വിജയിച്ചു. ശ്രീ ഷിബു ലാല്‍, ശ്രീ സഞ്ജു എന്നിവരായിരുന്നു ക്വിസ് മത്സരം നയിച്ചത്.



മലയാളം പ്രസംഗ മത്സരം

മലയാളം പ്രസംഗ മത്സരത്തില്‍ ആറു കുട്ടികള്‍ പങ്കെടുത്തു. സ്വാതന്ത്ര്യ സമരം എന്ന വിഷയത്തിലായിരുന്നു പ്രസംഗിക്കേണ്ടിയിരുന്നത്. അഞ്ചാം ക്ലാസിലെ ദിയ ഒന്നാം സ്ഥാനവും അഞ്ചാം ക്ലാസിലെ സിദ്ധാര്‍ത്ഥ് രണ്ടാം സ്ഥാനവും നേടി.

പായസ വിതരണം

പരിപാടികളെല്ലാം അവസാനിച്ചപ്പോള്‍ ഉച്ചയ്ക്ക് 12.30 ആയിരുന്നു. അപ്പോഴേക്കും പാചകപ്പുരയില്‍ പാല്‍പ്പായസം തയ്യാറായിരുന്നു. സ്വാതന്ത്ര്യത്തിന്റെ മധുരം പാല്‍പ്പായസത്തിലൂടെ നുകര്‍ന്നിട്ട്  എല്ലാവരും തിരികെ പോയി.


Saturday 12 July 2014

Science club inaugurated @ Meverkal LPS

 മേവര്‍ക്കല്‍ സ്കൂളിലെ ഈ അധ്യയന വര്‍ഷത്തെ ശാസ്ത്ര ക്ലബ്‌ ശ്രീ രാജേന്ദ്രന്‍ നായര്‍ സര്‍ ഇന്നലെ ഉദ്ഘാടനം ചെയ്തു. മുന്‍ അധ്യാപകന്‍ കൂടിയായ അദ്ദേഹം സ്കൂളിലെ മിക്കവാറും എല്ലാ പരിപാടികളിലെയും സജീവ സാന്നിധ്യമാണ്. രണ്ടു പരീക്ഷണങ്ങള്‍ ഉള്‍പ്പെട്ട രസകരമായ ഒരു ക്ലാസ് എടുത്തു കൊണ്ടാണ് അദ്ദേഹം ക്ലബ്‌  ഉദ്ഘാടനംചെയ്തടത്.


ആദ്യ പരീക്ഷണത്തില്‍ ഉള്ളില്‍ റബ്ബര്‍ബാന്‍ഡ് വൈന്‍ഡ് ചെയ്യുന്ന ഒരു കുപ്പി ഒരു മേശപ്പുറത്ത് മുന്‍പോട്ടു തള്ളി വിടുമ്പോള്‍ ഒരു നിശ്ചിത ദൂരം സഞ്ചരിച്ചിട്ട്‌ തിരികെ വരുന്നത് പ്രതി പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നു അദ്ദേഹം കുട്ടികളെ ബോദ്ധ്യപ്പെടുത്തി.


രണ്ടാമത്തെ പരീക്ഷണത്തില്‍ഒരു കോഴി മുട്ട ആദ്യംപച്ചവെള്ളം നിറച്ചഒരു ഗ്ലാസില്‍ ഇട്ടു. അപ്പോള്‍ അത് താഴുന്നു പോയി. തുടര്‍ന്ന് ഇതേ മുട്ട തന്നെ ഉപ്പു വെള്ളം നിറച്ച ഒരു ഗ്ലാസില്‍ ഇട്ടു. അപ്പോള്‍ അതു മുകളില്‍ പൊങ്ങി ക്കിടന്നു. സാന്ദ്രത എന്നാ ശാസ്ത്ര സങ്കല്‍പ്പത്തെ വളരെ ലളിതമായി കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു അദ്ദേഹം.

Thursday 26 June 2014

മേവര്‍ക്കല്‍ സ്കൂളിലെ പോതുയോഗം ഇന്ന്

മേവര്‍ക്കല്‍ സ്കൂളിലെ പോതുയോഗം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ സുഭാഷ്‌  ഉദ്ഘാടനം ചെയ്യും. അടുത്ത രണ്ടു കൊല്ലത്തേക്കുള്ള സ്കൂള്‍ മാനേജ്‌മന്റ്‌ കമ്മിറ്റിയെ യോഗം തിരഞ്ഞെടുക്കും.
 


 

അഞ്ചാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ അഭിരാമിയ്ക്ക് അമ്മ സര്‍ സ്മാരക പുരസ്കാരം നല്‍കും. മികച്ച കായിക പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാം ക്ലാസ്സിലെ അജ്മിതയ്ക്ക് കായിക പ്രതിഭയ്ക്കുള്ള സമ്മാനം നല്‍കും. സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അശ്വന്ത് എം ലാലിന് എസ് എസ് എല്‍ സി-യ്ക്ക് മികച്ച വിജയം നേടിയതിനു എസ് എം സി-യുടെ ഉപഹാരവും നല്‍കുന്നു.




എല്ലാവര്‍ക്കും സ്വാഗതം.

Sunday 22 June 2014

Reading Day @ Mevarkal LPS

യശ:ശരീരനായ പി എന്‍ പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 വായനാ ദിനമായി മേവര്‍ക്കല്‍ സ്കൂളിലും ആചരിച്ചു. വായനയുടെ ആവശ്യകതയെയും ഉപയോഗത്തെയും കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. ധാരാളം കുട്ടികള്‍ വായനാ ദിനത്തെ കുറിച്ച് പോസ്റ്ററുകളും ബാനറുകളും നിര്‍മ്മിച്ച്‌ കൊണ്ട് വന്നിരുന്നു.

ഇങ്ങിനെയുള്ള പതിവ് പ്രവര്‍ത്തനങ്ങളെ കൂടാതെ സ്കൂള്‍ വയനസാലയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും തീരുമാനിച്ചു. ഇപ്പോള്‍ വളരെ കുറച്ചു പുസ്തകങ്ങള്‍ മാത്രമേ വയനസാലയില്‍ ഉള്ളൂ. കുട്ടികളുടെയും നാട്ടുകാരുടെയും സഹകരനത്ത്തോട് കൂടി കൂടുതല്‍ പുസ്തകങ്ങള്‍ സമാഹരിക്കാനാണ് ശ്രമിക്കുന്നത്.


 ജൂണ്‍ 19-ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടി സ്കൂളിനു സമീപത്തുള്ള വീടുകളില്‍ നിന്ന് പുസ്തകങ്ങളും പുസ്തകങ്ങള്‍ വാങ്ങുന്നതിന് വേണ്ടി ഒരു തുകയും സമാഹരിചിട്ടുണ്ട്. പുസ്തകങ്ങള്‍ ഉള്ളവര്‍ പുസ്തകങ്ങളും ഇല്ലാത്തവര്‍ ചെറിയ തുകകളും ആണ് സംഭാവന ആയി തന്നത്.
അടുത്ത വായന ദിനം ആകുമ്പോഴേക്കും മികച്ച ഒരു വായന ശാല സ്കൂളില്‍ നിലവില്‍ വരുത്തണം എന്നതാണ് ഉദ്ദേശം.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു,